മുംബൈ: നടൻ ടൈഗർ ഷ്റോഫിന് നേരെയുണ്ടായ വെടിവയ്പിൽ താരം സുരക്ഷിതനാണെന്ന് പൊലിസ് സ്ഥിരീകരിച്ചു. വെടിവയ്പിൽ ടൈഗറിന്റെ ഡ്രൈവർക്കും ഒരു കാൽനടയാത്രക്കാരനും പരിക്കേറ്റു. ഇരുവരെയും ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി അധികൃതർ വ്യക്തമാക്കി. ജുഹു പൊലിസ് സ്റ്റേഷൻ പരിധിയിലെ പുഷ്പ പാർക്കിന് സമീപമാണ് ടൈഗർ ഷ്റോഫിന്റെ കാറിന് നേരെ വെടിവയ്പുണ്ടായത്.
സംഭവത്തിൽ പ്രതികളെ കണ്ടെത്താൻ മുംബൈ പൊലിസ് അന്വേഷണം ഊർജിതമാക്കി. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്. കുറ്റവാളികളെ കണ്ടെത്തുന്നതിനായി 12 പ്രത്യേക അന്വേഷണ സംഘങ്ങളെയാണ് രൂപീകരിച്ചിരിക്കുന്നത്. അതിനിടെ ലോറൻസ് ബിഷ്ണോയ് സംഘത്തിന്റെ പേരിൽ സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് പങ്കുവെച്ച് അനിൽ പണ്ഡിറ്റും ഹർമാൻ സിന്ധുവും ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു.
സൽമാൻ ഖാനുമായി സഹകരിച്ച് പ്രവർത്തിക്കുന്നതിൽനിന്ന് പിന്മാറണമെന്ന മുന്നറിയിപ്പുകൾ അവഗണിച്ചതിനാലാണ് ടൈഗറിനെ ലക്ഷ്യമിട്ടതെന്നാണ് പോസ്റ്റിലെ അവകാശവാദം. സംഭവത്തിന് പിന്നാലെ സാംസ്കാരിക മന്ത്രി ആഷിഷ് ഷെലാർ താരത്തിന്റെ കുടുംബവുമായി സംസാരിച്ചു. ആക്രമണത്തിന് പിന്നിലുള്ളവരെ ഉടൻ കണ്ടെത്തുമെന്ന് മന്ത്രി കുടുംബത്തിന് ഉറപ്പു നൽകി.